2009, സെപ്റ്റംബർ 23, ബുധനാഴ്‌ച

കാരുണ്യത്തിന്റെ ഉദയകിരണം

പട്ടിണിയോടും രോഗങ്ങളോടും പടവെട്ടി സര്‍ക്കാര്‍ ആശുപത്രിയുടെ വരാന്തയില്‍ കഴിയേണ്ടിവരുന്ന പാവങ്ങള്‍ ജീവിക്കുന്ന നമ്മുടെ നാട്ടിലെ പണക്കാര്‍ സ്വിസ് ബാങ്കില്‍ എഴുപതു ലക്ഷം കോടി രൂപ പൂഴ്ത്തി വച്ചിട്ടുണ്ടെന്നു നമുക്കു വിശ്വസിക്കാനാകുമോ. ഇതു കലികാലമാണെന്നും മനുഷ്യരുടെ മനസ്സിന്റെ നന്മ വറ്റിക്കൊണ്ടിരിക്കുകയാണെന്നും ആളുകള്‍ പറയാറുണ്ട്. എന്നാല്‍ നരകയാതന അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങളുടെ കണ്ണീരൊപ്പാന്‍ ശ്രമിക്കുന്ന നല്ലയാളുകള്‍ പലരും നമ്മുടെയിടയിലുണ്ട്. തങ്ങള്‍ക്കു കിട്ടുന്ന തുച്ച്ഛമായ ശമ്പളത്തില്‍നിന്നു മിച്ചം പിടിച്ച് ജീവകാരുണ്യ പ്രവര്‍ത്തനം ചെയ്യുന്ന പല ആളുകളും ഉണ്ട്. ഇന്റര്‍നെറ്റ് മുഖേനയും ഒട്ടേറെ സന്നദ്ധ സംഘടനകള്‍ സേവനം നടത്തുന്നു. എന്നാല്‍ ചാരിറ്റിയുടെ പേരില്‍ തട്ടിപ്പു നടത്തുന്ന ചില വ്യാജന്മാരും ഇന്റര്‍നെറ്റില്‍ ഉണ്ടെന്നുള്ളതിനു തര്‍ക്കമില്ല. അവരുടെ വെബ് സൈറ്റുകളിലുള്ള കരളലിയിപ്പിക്കുന്ന കഥകള്‍ കേട്ട് അവര്‍ പറയുന്ന അക്കൌണ്ട് നമ്പറില്‍ പൈസ അയച്ചുകൊടുക്കുമ്പോള്‍ അത് വ്യാജന്മാരുടെ കീശയിലേക്കാണോ പോകുന്നത് എന്ന് ചെക്ക് ചെയ്യേണ്ടത് അത്യാവശ്യമാണ്.
അബുദാബിയില്‍ ജോലി ചെയ്യുന്ന ഞാന്‍ , ഇവിടെ പല ആളുകളും ചാരിറ്റിക്കു വേണ്ടി പൈസ അയക്കാന്‍ മടിക്കുന്നതിന്റെ കാരണം, തങ്ങള്‍ കബളിപ്പിക്കപ്പെട്ടാലോ എന്നുള്ള സംശയം കൊണ്ടാണെന്നു മനസ്സിലാക്കിയിട്ടുണ്ട്. പലപ്പോഴും, മാധ്യമങ്ങളില്‍ വരുന്ന റിക്വസ്റ്റുകള്‍ ഏതെങ്കിലും ഒരു രോഗിക്കുവേണ്ടി ഏതാനും ലക്ഷങ്ങള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ളതാണ്. ഇങ്ങനെയുള്ള കാര്യങ്ങള്‍ക്കായി പണം കൊടുക്കുന്നവര്‍ ആളെ നേരിട്ടു കണ്ടുതന്നെ പൈസ കൊടുക്കുന്നതാണ് ഉചിതം.
ഇന്റര്‍നെറ്റ് സൌകര്യം ഇത്രയും ഉള്ള ഈ കാലത്ത് കേരളത്തില്‍ അങ്ങോളമിങ്ങോളം, ഒരു നെറ്റ്വര്‍ക്ക് ആയി, കൂട്ടായ മോണിട്ടറിങ്ങ് സംവിധാനത്തോടെ, യഥാര്‍ഥമായി സഹായം അര്‍ഹിക്കുന്നവരെ കണ്ടെത്തുന്ന ഒരു സംവിധാനത്തിന്റെ പ്രാധാന്യം ഏറെയാണ്. മുടക്കുന്ന പണം, അത് അര്‍ഹിക്കുന്നവരുടെ കൈയില്‍ത്തന്നെ എത്തും എന്ന്‌ ഉറപ്പുണ്ടെങ്കില്‍ പൈസ നല്‍കാന്‍ തയ്യാറുള്ള വളരെയധികം ആളുകള്‍ നമ്മുടെയിടയില്‍ ഉണ്ട് എന്ന് നിസ്സംശയം പറയാം. അങ്ങനെയുള്ളവരുടെ സഹായഹസ്തം പ്രയോജനപ്പെടുത്തണമെങ്കില്‍, ശക്തമായ ഒരു നെറ്റ്വര്‍ക്കിങ്ങ് സംവിധാനം തന്നെ ആവശ്യമുണ്ട്. ഒരാള്‍ റെക്കമന്റ്‌ ചെയ്യുന്ന കേസുകള്‍ വ്യാജമല്ല എന്നുറപ്പുവരുത്താന്‍ മറ്റ് അംഗങ്ങള്‍ നേരിട്ട് പോയി സന്ദര്‍ശിച്ച് അപ്രൂവ് ചെയ്യുന്ന ഒരു സംവിധാനം. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള അനവധി ആളുകള്‍ അംഗങ്ങളായി ഉണ്ടെങ്കില്‍ ഓരോ കേസുകളും പല ആളുകള്‍ വേരിഫൈ ചെയ്യുക എന്നത്‌ ബുദ്ധിമുട്ടുള്ള കാര്യമല്ല.
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നരകയാതന അനുഭവിക്കുന്ന പാവങ്ങളെ ആവുംവിധം സഹായിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും കര്‍ത്തവ്യമാണ്. ഇതു വായിക്കുന്ന എല്ലാവരുടേയും അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.
സജി മഠത്തിപ്പറമ്പില്‍, അബുദാബി

1 അഭിപ്രായം:

  1. കുറുമാന്‍, പ്രിയ, കുട്ടന്‍ മേനോന്‍ എന്നിവര്‍ അയച്ച അഭിപ്രായങ്ങള്‍ വായിച്ചു. പ്രിയ സുഹൃത്തുക്കളേ, നിങ്ങള്‍ എന്നെ തെറ്റിദ്ധരിച്ചിരിക്കുന്നു. വ്യാജ സൈറ്റുകളെപ്പറ്റി പരാമര്‍ശിച്ചപ്പോള്‍ ബൂലോഗ കാരുണ്യത്തെപ്പറ്റി ഒരു രീതിയിലും ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. വ്യാജന്മാരുടെ വലയില്‍ വീഴാതിരിക്കാന്‍, അര്‍ഹതപ്പെട്ട ആളുകളെ വിവിധ മെമ്പര്‍മാര്‍ നേരിട്ടു സന്ദര്‍ശിക്കുകയും പ്രസ്തുത കേസ് വ്യാജമല്ല എന്നുറപ്പുവരുത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെപ്പറ്റി മാത്രമേ ഞാന്‍ പറഞ്ഞുള്ളു. ബൂലോഗ കാരുണ്യത്തില്‍ ഞാന്‍ ഒരു പുതുമുഖം ആണ്. അക്കാരണത്താല്‍, കാരുണ്യത്തിന്റെ പ്രവര്‍ത്തനത്തെപ്പറ്റിയുള്ള ധാരണ എനിക്കില്ല. കാരുണ്യം, മെമ്പര്‍മാര്‍ മുഖാന്തിരമുള്ള വേരിഫിക്കേഷന്‍ നേരിട്ടു നടത്തുന്നുണ്ട് എന്നുള്ളപ്പോള്‍, എന്റെ പരാമര്‍ശം എങ്ങനെ കാരുണ്യത്തെപ്പറ്റി ആകും? മാത്രമല്ല, നല്ലൊരു മോണിട്ടറിങ്ങ്‌ സംവിധാനമുണ്ടെങ്കില്‍ ഈ രംഗത്ത്‌ സജീവമായി പ്രവര്‍ത്തിക്കാനും ആവും വിധം പണം മുടക്കാനും വളരെ താല്‍പ്പര്യമുള്ള ആളാണ് ഞാന്‍. ചില പ്രവര്‍ത്തനങ്ങള്‍, സ്വന്തം നിലയില്‍ യു.എ.ഇ യില്‍ നിന്നുകൊണ്ട്‌ നടത്തുവാന്‍ ശ്രമിച്ചിരുന്നു. പക്ഷേ,വേണ്ട രീതിയില്‍ നോക്കി നടത്താന്‍ പറ്റിയ ആളോ സംവിധാനമോ നാട്ടില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഞാന്‍ പറഞ്ഞ അഭിപ്രായത്തിലെ ഉദ്ദേശശുദ്ധി ദയവായി മനസ്സിലാക്കുക. ഉദയകിരണം എന്ന എന്റെ ബ്ലോഗില്‍, ശക്തമായ ഒരു നെറ്റ്വര്‍ക്കിങ്ങ് സംവിധാനത്തിന്റെ പ്രധാന്യമാണ് ഞാന്‍ അര്‍ദ്ധമാക്കിയത്.

    മറുപടിഇല്ലാതാക്കൂ